2010, ജൂലൈ 4, ഞായറാഴ്‌ച

ശിശുപാലന്‍(അമേരിക്കന്‍ റിട്ടേണ്‍ഡ്)

ബേബിസിറ്റിംഗ് അമേരിക്കന്‍ സ്റ്റൈല്‍                                                



 ശിശുപാലന്‍, (അമേരിക്കന്‍ റിട്ടേണ്‍ഡ്)
             
                 പ്രമേഹം,പ്രഷര്‍,കൊളസ്റ്ററോള്‍ മുതലായ ദുരാത്മാക്കളുടെ 
പിടിയില്‍പ്പെട്ടു നല്ല നടപ്പിനു വിധിയ്ക്കപ്പെട്ടവരുടെ മോണിംഗു് 
വാക്കിനിടയ്ക്കാണു് ഞാന്‍ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയമായി സംഗതി
 അവതരിപ്പിച്ചതു.“അടുത്ത ആഴ്ച്ച ഞങ്ങള്‍ അമേരിയ്ക്കയിലേയ്ക്കു പോവുകയാ“
അതു പിന്നെ പറയാനുണ്ടോ.സാറു കാടാറു  മാസം,നാടാറുമാസം അല്ലിയോ.
ഒബാമയുടെ സ്വന്തം ആളല്ലിയോ”
ഇത്തവണ അവതാരോദ്ദേശം ശിശുപാലനം,അതായതു ബേബി സിറ്റിങ്ങ് "
ഞാന്‍ പറഞ്ഞു.
“കഴിഞ്ഞ രണ്ടു പ്രാവശ്യം പോയപ്പോഴും നാടു കാണാനുള്ള കറക്കമായിരുന്നു.
സാന്‍ഫ്രാന്‍സിസ്കോ,ലാസ് വെഗാസ് അങ്ങനെ”
“എന്നാ‍ല്‍ ഇത്തവണയാണു സാറു ശരിക്കും കറങ്ങാന്‍ പോണതു് ”പ്രമേഹം 
പറഞ്ഞു.
“സ്വന്തം പിള്ളേരെ നോക്കിയിട്ടില്ലെങ്കിലുംപേരക്കുട്ടികളെ നോക്കാന്‍ പറ്റിയതു
 ഗ്രാന്‍ഡ് പേരന്റ്സ് തന്നെയാ!ഒള്ള കാ‍ര്യം പറഞ്ഞാല്‍ 
ഞാന്‍ എന്റെ പിള്ളേരെ മൈന്‍ഡു ചെയ്തിട്ടില്ലെങ്കിലും കൊച്ചു മക്കള്‍  വന്നപ്പം 
സംഗതി മാറി.അന്നൊക്കെ എനിക്കൊരു 
പാട്ടുപെട്ടിഉണ്ടായിരുന്നു പോലും,ലീലാമ്മ പറയുന്നതാണേ.നടക്കാനിറങ്ങുമ്പോള്‍ 
ഞാന്‍ ഭാര്യയോടു പറയുമായിരുന്നു പോലും എടീ! ഈ കൊച്ചിനെ നീ പിടിക്കു്,
പാട്ടുപെട്ടി ഞാ‍ന്‍ പിടിച്ചോളാം എന്ന് ‘കുട്ടി നിനക്കു്,പെട്ടി എനിക്കു്‘
 അത്രയ്ക്കു ഇഷ്ടമായിരുന്നു. അന്നൊക്കെ എന്തോന്നു്.പാട്ടു്!
  “സര്‍വീസിലായിരുന്നപ്പം നാന്‍ രൊമ്പ സ്റ്റ്റിക്ട്.ആപ്പീസിലെ മട്ടും അല്ല.
വീട്ടിലെ കൊളന്തൈ കളിട്ടെയും അപ്പടിത്താന്‍.ഇപ്പം
 അലമേലു ചൊല്ലുന്നു.പേരക്കുളന്തൈകള്‍ എന്റെ തലയിലും നെഞ്ഞത്തും 
ചാടിക്കളിക്കുന്ന കണ്ടാല്‍,അപ്പപ്പാ! അവര്‍ താനാ ഇവരെന്നു
മൂക്കില്‍ വിരല്‍ വയ്ക്കുമെന്നു” കൊളസ്റ്റ്റോള്‍ പൊട്ടിച്ചിരിച്ചു.
“അല്ലെങ്കിലും സ്വാമീ!റിട്ടയര്‍ചെയ്തു കാ‍റ്റു പോയ ബലൂണ്‍ പോലെ ആകുമ്പോള്‍
 കൊച്ചുമക്കള്‍ തലേലും നെഞ്ഞത്തും ചാടിക്കേറിയാലും അപ്പിയിട്ടാലും  കമാ 
എന്നു് ഒരക്ഷരം നമ്മള്‍ മിണ്ടത്തില്ല“ പ്രഷര്‍ സ്വാമിയെസപ്പോര്‍ട്ടു ചെയ്തു.
 “അതാക്കും ഗ്രാന്‍ഡ് പേരന്റ്സിന്റെ അണ്‍കണ്ടിഷണല്‍ ലവ്‌.”
  “ ഒഗ്ഡ്ന്‍നാഷിനെ കുറിച്ചു കേട്ടിട്ടുണ്ടോ?അമേരിക്കന്‍ ഫലിതസാഹിത്യ
കാരനായിരുന്നു”. കൂട്ടത്തില്‍ അഴീക്കോടു് ഉവാച.“കുഞ്ഞുങ്ങള്‍ എന്നു
പറഞ്ഞാല്‍ ഒരറ്റത്തു നിലയ്ക്കാത്ത കരച്ചിലും മറ്റേഅറ്റത്തു നിയന്ത്ര
ണമില്ലായ്മയുമാണെന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.ശിശുസഹജമായ
മനസ്സുണ്ടെങ്കില്‍ ശിശുക്കളുമായി എളുപ്പം സംവദിക്കാം.ഈ ബേബിസിറ്റിങ് ഒരു പിടി....”
  “നിര്‍ത്ത് ഉവാ! അതിനു തനിക്കു് എന്തരു അനുഭവങ്ങളു് ”എന്നായി 
പ്രഷര്‍“ എന്തരായാലും സാര്‍ ഒരു കാര്യം ചെയ്യിന്‍.ഒരു വഴിയ്ക്കു പോണതല്ലയോ
നമ്മടെ ‘തൂവത്സ്പര്‍ശ‘ത്തിലെ ഇന്നസന്റിന്റെ കൂട്ടു ഒരുങ്ങിതന്നെ പോവൂടിന്‍”
“അതെന്നവാക്കും തൂറത്സ്പര്‍ശം”
അയ്യോ!സ്വാമി!കൊളമാക്കല്ലേ തൂറല്‍ അല്ല തൂവല്‍.അതൊരു സിനിമയാ.
അതില്‍ ഇതു പോലെ ഇന്നസന്റ് ബേബിസിറ്റിങിനു ശിശുപാലന്‍ എന്ന ആയയാ
യിട്ടു വരണൊണ്ടു്.പാലു കുടിക്കാന്‍ അടം പിടിക്കണ പിള്ളേര്‍ക്കു വേണ്ടി വായില്‍ 
തിരുകാ‍ന്‍ ഫണല്‍,ശാഠ്യം പിടിക്കണ പിള്ളേരെ നിലയ്ക്കു നിര്‍ത്താന്‍
ചൂരല്‍,കയര്‍ ഇങ്ങനെ ടൂള്‍കിറ്റുമായിറ്റ്‌,...........എത്ര കിങ്ങിണിക്കുട്ടന്മാരെ ഞാ‍ന്‍ 
കണ്ടിരിക്കുന്നു........ ഹെന്റമ്മേ!............ദേ!കുഞ്ഞു തൊട്ടിലേന്നു
ഇറങ്ങിപ്പോണൂ!...........ഇറങ്ങിപ്പോണൂന്നേ.........
ഇപ്പോ  മുട്ടുവേദനയുള്ള അപ്പൂപ്പന്മാരും, നടുവേദനയുള്ള അമ്മൂമ്മമാരും എല്ലാരും 
കൂടോടെ അമേരിക്കയിലേക്കുംആസ്ട്രേലിയിലേക്കും വണ്ടി കയറുവല്ലിയോ.കൊച്ചു
മക്കള്‍ക്കു കൂട്ടിരിക്കുവാന്‍.ഈ ഐ.റ്റി ബൂം വന്നതിനു ശേഷം,പിള്ളേരൊക്കെ വിദേശത്താ
മിക്കവാറും റ്റൂ സ്റ്റേറ്റ് കല്യാണവുമല്ലിയോ.അമേരിക്കേലാണേല്‍ മെറ്റേണിറ്റി ലീവും ഇല്ല.
 “ ചേതന്‍ ഭഗത്തിന്റെ നോവല്‍ വായിച്ചിട്ടില്ലേ. സീരിയസ് റീഡിംഗിനിടയ്ക്കു് അല്പം
 ലൈറ്റാവാം.”കൂ. അഴീക്കോട്‌ ഇടപെട്ടു.
നോവലൊക്കെ പിന്നെ വായിയ്ക്കാം.സാറു പോയിട്ടു വരണം.അവിടെഅടിച്ചു കിറുങ്ങി 
നടക്കരുതു്,അമ്മൂമ്മമാര്‍ക്കു പിന്നെയും പണിഒണ്ടാക്കരുതു്.കേട്ടോ സാറേ
        ചിലപ്പോ മറിച്ചും വരാം.ഞാനറിയുന്ന ഒരു അപ്പൂപ്പന്‍ കഴിഞ്ഞ മാസം 
അറ്റ്ലാന്റയില്‍ പോയി.മരുമോന്‍ ചെറുക്കന്‍ ഒരു പച്ചക്കറി,വെള്ളമടി.
വെറും പച്ചവെള്ളം.മാത്രമല്ല വെള്ളം അടിക്കുന്നവരെ കണ്ടാല്‍ കലി. വച്ച 
വെള്ളം എല്ലം വാങ്ങി വച്ച് അപ്പൂപ്പന്‍ രണ്ടാഴ്ച 
കഴിഞ്ഞപ്പം ദാ തിരിച്ചെത്തി.പോരെ പൂരം.
  എന്തരായാലും
 “ബെസ്റ്റ് വിഷെസ് ആന്‍ഡ് ബോണ്‍ വോയേജ്”
  മൂന്നു മാസം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ 
 ”സാറേ! എന്തായിതു് നരച്ചു കൊരച്ചു പ്രായം കൂടിയല്ലോ!എന്തുപറ്റി.അമേരിക്കന്‍ 
കാറ്റു പിടിച്ചില്ലേ?”പ്രമേഹം ചോദിച്ച“ ഓ!ഒന്നുമില്ല ഹേ! ഡൈ അടിക്കാന്‍ പിള്ളേരു 
സമ്മതിച്ചില്ല.അത്രേ ഉള്ളൂ! അപ്പൂപ്പനിതാ നല്ലതെന്നു“
 എങ്ങനൊണ്ടാരുന്നു ബേബിസിറ്റിങ്?
ഓ! വെരി ഡിമാന്‍ഡിംഗ് ആന്‍ഡ് എന്‍ ഗേജിംഗ്‌
ആദ്യം ഒരാഴ്ച്ച പ്രൊബേഷനിലായിരുന്നു.
  ട്രെയിനിംഗ്.
ഡയപ്പര്‍ ചേഞ്ചിങ്,ഫീഡിങ്, ഹാന്‍ഡ് ലിങ് ബേബി,പാസിഫൈയിങ് ബേബി.
ഇതിലൊക്കെ തിയറി,പ്രാക്റ്റിക്കല്‍പരിശീലനം.ഹാന്‍ഡ്സ് ഓണ്‍ വര്‍ക്ക്ഷോപ്പ് ഓണ്
‍“ഹൌ ഇമാജിനറ്റീവ് യൂ ആര്‍ ഇന്‍ പുട്ടിംഗ് ദ ബേബി റ്റു സ്ലീപ്” ഇങ്ങനെ പോയി
സിലബസ്സ് കുറച്ചു ടഫു് തന്നെ.”പ്രൊബേഷന്‍ സാറ്റിസ്ഫാക്റ്ററി ആയിരുന്നോ?“
പിന്നേ! അല്ലെങ്കില്‍ എപ്പഴേഎക്സിറ്റ് അടിച്ചു തിരിച്ചു കയറ്റി വിട്ടേനെ
  ഇപ്പോഴത്തെ ഐ.റ്റി.പിള്ളേരല്ലേ.എല്ലാം ഇന്റര്‍നെറ്റില്‍ പരതി പഠിച്ചു 
വച്ചിരിക്കുകയാണു്.പോരാത്തതിനു എന്തെങ്കിലും പറഞ്ഞാല്‍ ഒരു പുസ്തകം
എടുത്തു കൈയില്‍ തരും വായിച്ചു പഠിക്കാന്‍.ഈറ്റിങ് ഡിസോര്‍ഡേഷ്സ് ഇന്‍
ചില്‍ഡ്രന്‍,അല്ലെങ്കില്‍ സ്ലീപ്പിങ് ഡിസോര്‍ഡേഷ്സ് ഇന്‍ ചില്‍ഡ്രന്‍ ഇങ്ങനെ.
കുറേ അമേരിക്കന്‍ ഡോക്ടറന്മാരു ഒരു പണിയുമില്ലാതെ പുസ്തകങ്ങള്‍ പടച്ചു
 വിട്ടിരിക്കുകയാണു്.നല്ല കാലത്തു പുസ്തകം വായിക്കാത്തതിന്റെ ശിക്ഷ.
“അല്ലെങ്കിലും ഏട്ടിലെ പശു പുല്ലു തിന്നൂല്ലല്ലോ”
      “ ങാഹ്! നാട്ടറിവുകളുടെ കാലം കഴിഞ്ഞു.ഇപ്പോള്‍ എല്ലാം”നെറ്ററിവുകള്‍” 
മാത്രം.”കൂ.അഴീക്കോടു് ഗ്രഹാതുരനായി.
“എന്തരു നാട്ടറിവുകളണ്ണാ‍,ഇപ്പോ അമ്മൂമ്മത്തള്ളമാരു വരെ സ്ഥിരം
 നെറ്റുകളിലല്ലെ കറങ്ങണതു്.പിന്നല്ലേ പിള്ളകളു് .ഈയിടെ ഒരമ്മൂമ്മത്തള്ള
കൊച്ചുമോള്‍ക്കു ഒരു  ‘റെസിപ്പി‘ അയച്ചു കൊടുത്തുപോലും.മോളെഴുതിഅമ്മൂമ്മാ!
ഞാനാ കറി ഉണ്ടാക്കി.നല്ല ചൊങ്കനായിരുന്നു എന്നു.അപ്പൊ അമ്മൂമ്മ ഒടനെ
എഴുതി മോളേ ഞാനതു കഴിഞ്ഞ ദിവസം നെറ്റില്‍ തപ്പിയപ്പം കിട്ടിയതാണെന്നു് എന്തരു? “      
 “പാളയില്‍ കുളി,പട്ടുകോണകം,തടുക്കില്‍ കിടപ്പു്,കിണ്ണത്തില്‍ കുറുക്ക്, ഇങ്ക്,അമ്പിളി
 മാമനും മാമുണ്ണലും,ഓമനത്തിങ്കള്‍കിടാവും എല്ലാം പോയ് മറഞ്ഞു.ഇപ്പോള്‍ വെറും കച്ചവടം.
ഡയാപ്പര്‍ ഇന്‍ഡസ്റ്ററി,ബേബി ക്രീം-കൊസ്മെറ്റിക്ക്,ബേബിഫുഡ്,ബേബിക്ലോത്ത് എന്നു 
വേണ്ടാ,ആഗോളവത്കരണം എല്ലാറ്റിനെയും വിഴുങ്ങി“ കൂ.അഴീക്കോടു് ഗതകാല-വര്‍ത്തമാന
കാല സമസ്യകളുടെ ആഴങ്ങളിലേയ്ക്കു് ഊളിയിട്ടുപോയി.
‘കുളിപ്പിച്ച്,കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കാതിരുന്നാല്‍ മതി”
 “എന്തൊക്കെ പറഞ്ഞാലും ഇനി ഇപ്പോ സാറിനു കോളായി,കട്ടിംഗും,ഷേവിംഗും 
അല്ലാ സിറ്റിംഗും,ഫീഡിംഗും ഒക്കെ പ്രാക്ടീസ്സായല്ലോ.മൂന്നു മാസത്തെ കോഴ്സും
കഴിഞ്ഞു.അതും അമേരിക്കന്‍. കൂട്ടിനു അമ്മൂമ്മയും ഒണ്ടു്.ഒരു ബോര്‍ഡ് അങ്ങോട്ടു വയ്ക്കിന്‍.“
                                          
അപ്പൂസ് ആന്‍ഡ് അമ്മൂസ് ബേബി ഡേ കെയര്‍ സെന്റര്‍”
 പ്രൊപ്രൈറ്റര്‍: ശിശുപാലന്‍,(അമേരിക്കന്‍ റിട്ടേണ്‍ഡ്)
                                                                  ****************