2010, മേയ് 30, ഞായറാഴ്‌ച



                       അരിസോണയില്‍ അരളി പൂക്കുമ്പോള്‍                                      

                           “ഇത്തിരിപൂവേ ചുവന്ന പൂവേ
                            ഇത്തറ     നാളും നീ എങ്ങു പോയി
                            ത്റച്ചംബരത്തോ അതോ
                            ത്റക്കാക്കരക്കോ
                            കുളിച്ചു തൊഴാന്‍ പോയി
                            കുരുന്നു പൂവേ”

               എന്നു പൂവിനോടു ചോദിക്കാന്‍ തോന്നിയ നിമിഷത്തെ കുറിച്ചാണ്
      നമുക്കു തികച്ചും അന്യമായ ഒരു ഭൂവിഭാഗത്തില്‍ വച്ചു വ്യത്യസ്തമായ ചുറ്റുപാടുകളില്‍ വച്ചു പെട്ടെന്നു നാട്ടുഭാഷയുടെ മധുരം കാതില്‍ വന്നു
വീഴുകയാണെങ്കില്‍ അതു തികച്ചും ഒരു ആനന്ദമായിരിക്കും.അതു പോലെ തന്നെ നാട്ടു മണ്ണിന്റെ മണവും നിറവും പൊടുന്നനെ അനുഭവപ്പെട്ടാലോ.അങ്ങനെ
ഒന്നു ഈയിടെ എനിക്കു ഉണ്ടായതു മൈലുകള്‍ക്കകലെ അരിസോണയില്‍ വച്ചാണ്.അവിടത്തെ ‘ടെമ്പി‘ എന്ന കൊച്ചു നഗരത്തില്‍.അരിസോണ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റി
യുടെ ആസ്ഥാനമാണു ടെമ്പി.യൂണിവേഴ്സിറ്റിക്ക് എതിര്‍ വശത്തുള്ള സ്റ്റുഡന്റ് അപ്പാര്‍ട്മെന്റിലായിരുന്നു താമസം.കോണ്‍വെക്കേഷനു മായി ബന്ധപ്പെട്ട് എത്തിയതാ
യിരുന്നു.എന്നുംപ്രഭാത സവാരി ഒരു ഹരമായിരുന്നു.“കുടിക്കൂ,കൂളാകൂ,ചാര്‍ജുചെയ്യൂ” (ഫ്രൂട്ട്ജൂസ്സാണേ)എന്നതു പോലെ അതൊരുതരം ചാര്‍ജിങ്ങ് തന്നെയാണു.വ്യായാമ
ത്തെക്കാളേറേ ഒരു പുതിയ പ്രഭാതത്തിന്റെ നനുത്ത കന്യാസ്പര്‍ശം നുണഞ്ഞു നടക്കുമ്പോള്‍ കണ്ടു റോഡരികില്‍ നിറയെ കിലോമീറ്ററുകള്‍ നീളത്തില്‍,അതിരിട്ടതു പോലെ പൂത്തു
മറിയുന്ന അരളികള്‍.പല നിറങ്ങളില്‍.വെള്ള,ചുവപ്പു്,മഞ്ഞ,റോസ് എന്നു വേണ്ട.അരളികള്‍ ആടി തിമിര്‍ത്തു തളിര്‍ത്തു വര്‍ണ്ണലഹരിയായി.“സന്തോഷം കൊണ്ട്
എനിക്കു ഇരിക്കാന്‍ മേലേ” എന്നു ടി.വി പരസ്യത്തിലെ പയ്യനെപ്പോലെ തുള്ളീച്ചാടുന്നുണ്ടായിരുന്നു.മറുവശത്തു എന്നെ നോക്കി ചിരിക്കുന്നതാരു?ചിരപരിചിതരായ
മുക്കൂറ്റി പൂവുകള്‍.അതും വിവിധ വര്‍ണ്ണങ്ങളില്‍ കുളിച്ചു തന്നെ. പൂക്കുലകളുമായി രാജമല്ലികള്‍ മുറുക്കിച്ചുവപ്പിച്ച് കണ്ണിറുക്കി.കുറച്ചു കൂടി മുന്നോട്ടു പോ
കുമ്പോള്‍ മഞ്ഞത്തുകില്‍ ചാര്‍ത്തി നില്‍ക്കുന്നതു നമ്മുടെ സ്വന്തം കൊന്നയല്ലേ എന്നു അത്ഭുതം കൂറുമ്പോള്‍,എന്നാല്‍ അല്ല.അതു അരിസോണയുടെ ദേശീയ വ്റക്ഷമായ
“പാലോ വെര്‍ദ“ യാണു എന്നു മനസ്സിലായി.എന്തൊരു സാമ്യം.അറിയാതെ മൂളിപ്പോയി”കുന്നത്തെ കൊന്നയ്ക്കും പൊന്മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ”
                                              .ഒരുനിമിഷം ഞാന്‍ആലോചിച്ചുപോയി നാട്ടില്‍ അരളികള്‍ ഇല്ലാഞ്ഞിട്ടാണോ?(ശബരിമലയില്‍ പുലി
ഇല്ലാഞ്ഞിട്ടാണോ എന്നു ചോദിക്കുന്നതു പോലെ)എന്താണു അവ ഇങ്ങനെ പൂത്തുലയാത്തതു.ഒരു പക്ഷേ മലയാളി മറുനാട്ടില്‍ തളിര്‍ക്കുന്നതു പോലെയാവാംഎന്നു
സമാധാനിച്ചു.ഓരോ ചെടികളുടെയും മൂട്ടില്‍ ഡ്രിപ് ഇറിഗേഷന്റെ ട്യൂബുകള്‍ കാണാന്‍ കഴിഞ്ഞു.ടെറസ്സ് റോഡിലൂടെ നടന്നു റൂറലിലെത്തി
അവിടെ നിന്നു വലത്തോട്ടു തിരിഞ്ഞു അര കിലോമീറ്റെര്‍ പോയാല്‍ റിയൊസലഡാ ആയി.അവിടെസുന്ദരമായ ടെമ്പെ തടാകം.പാലത്തിനു മുകളില്‍ നിന്നു നോക്കുമ്പോള്‍
തടാകത്തിലെ വെള്ളം ഇളം വെയിലേറ്റു ലോഹപാളിപോലെ വെട്ടിത്തിളങ്ങുന്നു.തിരിഞ്ഞു നടക്കുമ്പോള്‍ അവന്യു മരങ്ങളായി രണ്ടു വശത്തും അകമ്പടി സേവിച്ചു
അലങ്കാരപ്പനകള്‍.ഇടക്കിടക്കു ആകാശത്തിലേക്കു തല ഉയര്‍ത്തി ധ്യാനനിരതരായി നില്‍ക്കുന്നു അരിസോണയുടെ മുഖമുദ്രയായ രാക്ഷസ കള്ളിമുള്‍ച്ചെടികള്‍‍.ഇരുപതു
ഇരുപത്തഞ്ചു അടി പൊക്കത്തില്‍.മുള്‍ച്ചെടികളുടെ പൂങ്കാവനം കാണണം എങ്കില്‍ പോകേണ്ടതു ഡ്സെര്‍ട്ട് ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്കാണു.കള്ളിമുള്ളുകള്‍ പൂത്തു
നില്‍ക്കുന്നതു കാണാനെന്തൊരു ചേല്.കാഴച മാത്രമല്ല കേള്‍ക്കാനുമുണ്ട് ചിലതു്.പലതരം പക്ഷികളുടെ സംഗീത സദിര്.ഹമ്മിംഗ് ബേര്‍ഡ്സ്,അങ്ങാടിക്കുരുവികള്‍,
മൈനകള്‍,നാണം കുണുങ്ങി നാടന്‍ പ്രാവുകള്‍-അവയുടെ കുറുകലുകള്‍.പിന്നെ പേരറിയാത്ത കുറേ തൂവല്‍ക്കൂട്ടുകാരും.
                                       കാഴ്ചകള്‍ കണ്ടും ശബ്ദങ്ങള്‍ കേട്ടും മോണിംഗ് വാക്ക് തുടരുമ്പോള്‍ നാട്ടിലല്ല എന്നു ഓര്‍മ്മിപ്പിച്ചതു ഇടക്കു
റോഡിലൂടെ തന്നെ കടന്നു പോകുന്ന മനോഹര മെട്രോയും,സൈക്കിള്‍സവാരിക്കാരും.നമ്മള്‍ റോഡുകള്‍ കാറുകള്‍ കൊണ്ടു നിറക്കുമ്പോള്‍ ഇവിടെ സൈക്കിളുകള്‍.
സൈക്കിളില്‍ വന്നു അതു ബസ്സിന്റെ മുന്നില്‍ കയറ്റി വച്ചു പോകുന്നവരെയും കാണാമായിരുന്നു.ബസ്സുകളില്‍ ഒരുകൂട്ടം നീല നിറത്തില്‍ ഫ്രീ സെര്‍വീസ് നടത്തുന്നവ
യാണു്അതിന്റെ പേരു ഓര്‍ബിറ്റ്.അതിലെ ഓരോ ബസ്സിന്റെയും പേരു ഓരോ ഗ്രഹങ്ങളുടെതാണു താനും..എര്‍ത്ത്‌,ജൂപ്പിറ്റര്‍,മാര്‍സ് എന്നീ പേരുകളില്‍ അവ തലങ്ങും
,വിലങ്ങും ഒഴുകി നീങ്ങി.നാട്ടില്‍ ഇതു പോലെ ആരെങ്കിലും ഫ്രീ സര്‍വീസ് നടത്തിയെങ്കില്‍ കൊള്ളാമായിരുന്നു.
      അരളികളോടു് എനിക്കു അസൂയ തോന്നി.അരിസോണ അമേരിക്കയിലെ ഒരു ഡെസര്‍ട്ട് സ്റ്റേറ്റാണ്(ഗ്രാന്‍ഡ്കാ‍നിയന്‍സ്റ്റേറ്റ്‌) അവിടെയാണു അരളിപ്പൂക്കളുടെ ഈ
 ഒരു കിന്നാരമേ!!!
നാട്ടിലെ അരളികളെ ഓര്‍ത്തപ്പോള്‍ നാലുമണി പൂവിനെ നോക്കി പാടിയ ആ കവിയെപ്പോലെ ഞാനും പാടിപ്പോയി
                                          “ഒരു ദുഖത്തിന്‍ വെയിലാറുമെന്‍ മനസ്സിലും
                                           ഒരു പൂ വിരിയുന്നു പേരിടാനറിയില്ല”
ഫോട്ടോക്രെഡിറ്റ്സ്-വിലാസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ